അസാനി ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും, സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മുന്നറിയിപ്പ്; ശനിയാഴ്ച വരെ ശക്തമായ മഴ തുടരും



 തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരംതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി). ആന്ധ്രാപ്രദേശിലെ കാക്കിനഡ കരയ്ക്ക് സമീപം തീരം തൊടുമെന്നും ശേഷം ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്.

ആന്ധ്രാ തീരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കോട്ടയത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ആന്ധ്രയിലെ തീരദേശ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ലതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48മണിക്കൂര്‍ ഹൈദരാബാദ് നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനഡ തീരദേശ റോഡ് താല്‍ക്കാലികമായി അടച്ച്‌ ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.